വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടവർക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധം

വാക്സിന്റെ രണ്ടാം ഡോസ്‌ സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്ക്‌ കുവൈത്തിലേക്ക്‌ പ്രവേശിക്കുന്നതിനും പുറത്തേക്ക്‌ യാത്ര ചെയ്യുന്നതിനും ബൂസ്റ്റർ ഡോസ്‌ നിർബന്ധമാക്കി. ജനുവരി 2 ഞായറാഴ്ച മുതലാണു തീരുമാനം പ്രാബല്യത്തിൽ വരും. ഇതിനു പുറമേ അടുത്ത ഞായറാഴ്ച മുതൽ ( ഡിസംബാർ 26) കുവൈത്തിൽ എത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. രാജ്യത്ത് എത്തി 72 മണിക്കൂർ കഴിഞ്ഞു പി. സി.ആർ. പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. അതായത് രാജ്യത്ത് എത്തുന്ന എല്ലാവര്ക്കും 3 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമായും അനുഷ്ടിക്കണം. ഇവർ രാജ്യത്തേക്ക്‌ പ്രവേശിക്കുമ്പോൾ 48 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റും ഹാജരാക്കണം. നേരത്തെ പി. സി. ആർ. സർട്ടിഫിക്കറ്റിന്റെ സാധുത 72 മണിക്കൂർ ആയിരുന്നു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു ഇത്‌ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്‌. ആഗോള തലത്തിൽ ഒമിക്രോൺ വൈറസ്‌ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു തീരുമാനം.