ഒമിക്രോൺ : കുവൈത്തിൽ അടുത്ത മാസം നിർണ്ണായകം – ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട്‌ അടുത്ത മാസം നിർണ്ണായകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ സാഹചര്യം നേരിടുന്നതിനു വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച്‌ നിരവധി പദ്ധതികളാണു മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്‌. അടുത്ത മാസം അപകട ഘട്ടം തരണം ചെയ്യാൻ സാധിച്ചാൽ രാജ്യത്ത്‌ ഒമിക്രോൺ വ്യാപനം സംബന്ധിച്ച ആശങ്കൾക്ക്‌ വിരാമമാകുമെന്നാണു ആരോഗ്യ മന്ത്രാലയം കരുതുന്നത്‌. രാജ്യത്ത്‌ പ്രവേശിക്കുന്നതും പുറത്തേക്ക്‌ പോകുന്നതുമായ ഓരോ പേരെയും ഷ്ലോനക് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഹോം ക്വാറന്റൈൻ വ്യവസ്ഥ തടസ്സങ്ങളില്ലാതെ നടപ്പിലാക്കാൻ സാധിക്കുന്നുണ്ട്‌. ഇത്തരം സംവിധാനങ്ങൾ നിലവിൽ ഉള്ളതിനാൽ രോഗ വ്യാപന സാധ്യതകൾ തടയാൻ കഴിയുമെന്നാണു മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌. മൂന്നാം ഡോസ്‌ വിതരണം മറ്റു വിഭാഗങ്ങളിലേക്ക്‌ വിപുലീകരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണു.

മിഷ്‌റെഫിലെ എക്‌സിബിഷൻ ഹാളിൽ പ്രതിദിനം 20,000 പേർക്ക്‌ ബൂസ്റ്റർ ഡോസ്‌ നൽകുവാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്‌.അതേ സമയം രാജ്യത്ത്‌ ഒമിക്രോൺ വ്യാപനം കൂടുതൽ വർദ്ധിച്ചാൽ പോലും വാണിജ്യ പ്രവർത്തനങ്ങൾ അടച്ചു പൂട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഏറെ നാളത്തെ ഇടവേളക്ക്‌ ശേഷം ദൈനം ദിന കോവിഡ്‌ ബാധ നിരക്കിൽ കുത്തനെ ഉണ്ടായ വർദ്ധനവും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനവും അധികൃതർ ഗൗരവത്തോടെയാണു നോക്കികാണുന്നത്‌.