പാക്ക് അധിനിവേശ കശ്മീരിലെ മൂന്ന് ഭീകരതാവളങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇന്ത്യ

കുവൈത്ത് സിറ്റി :പുൽവാമയിൽ ഭീകരർ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണങ്ങൾക്ക് അതിർത്തിയിൽ ശക്തമായി തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ അധിനിവേശ കശ്മീരിലെ മൂന്ന് ഭീകരകേന്ദ്രങ്ങൾ നാമാവശേഷമായി. പുലർച്ചെ മൂന്നരയോടെയാണ് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ജെയ്‌ഷെയുടെ താവളങ്ങളെ തരിപ്പണമാക്കിയത്.
മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് അതിർത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകളിൽ വർഷിച്ചത്.ഇന്ത്യയുടെ ഔദ്യോഗികമായ സ്ഥിതീകരണങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നു എന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്തെത്തിയത് കൂടിയാണ് നിർണായകമായ ആക്രമണ വിവരങ്ങൾ പുറത്ത് വന്നത്. പാക്ക് സേന വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ആരോപണവുമായി രംഗത്തെത്തിയത്.