മധ്യ പൂർവ ദേശത്തെ സംഘർഷം പരിഹരിക്കാൻ പലസ്തീൻ വിഷയത്തിന് മുൻഗണന നൽകണം:അമീർ

കുവൈത്ത് സിറ്റി :

പലസ്തീൻ വിഷയങ്ങൾ അവഗണിക്കപ്പെടുന്നതാണ് മധ്യ പൂർവ ദേശത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ജാബർ അൽ സബാഹ് പറഞ്ഞു. ഈജിപ്തിലെ അൽ ശാം അൽ ഷൈഖിൽ പ്രഥമ അറബ് – യൂറോപ്പ് ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പലസ്തീൻ പ്രശ്നത്തിന് പരിഹാരമാണ് അറബ്‌ലോകവും പലസ്തീൻ ജനതയും ആഗ്രഹിക്കുന്നത്. ഈ വിഷയത്തിൽ യൂറോപ്യൻ സമൂഹത്തിന് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. രാജ്യന്തര സമൂഹത്തിന്റെ മുൻഗണന പട്ടികയിൽ പലസ്തീൻ വിഷയങ്ങൾക്ക് സുപ്രധാന പരിഗണന ആവശ്യമാണ്.അതിന് വേണ്ടിയാണ് അറബ് ലോകം പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ രാഷ്ട്രീയ, സാമ്പത്തിക,സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് യൂറോപ്യൻ യൂണിയന്റെ സഹകരണം ആവശ്യമാണ്. മധ്യ പൂർവ ദേശത്തെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.