കുവൈത്തിലേക്കുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ 8.6 ശതമാനം ഇടിവ്

കുവൈത്ത് സിറ്റി :കുവൈത്തിലേക്കുള്ള സ്മാർട്ട്ഫോൺ ഇറക്കുമതിയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8.6 ശതമാനം കുറവ് രേഖപ്പെടുത്തി. മൊത്തത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതിയിൽ 9.4 ശതമാനം കുറവ് വന്നിട്ടുണ്ട്.2018 ൽ ഗൾഫ് രാജ്യങ്ങളിലേക്ക് 23.4 ദശ ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇറക്കുമതി ചെയ്തത്. ഇത് 2013 ന് ശേഷമുള്ള ഏറ്റവും കുറവ് രേഖപ്പെടുത്തിയ ഇറക്കുമതിയാണ്. ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്ത 2015 ലെ കണക്കുകൾ (33.9 ദശ ലക്ഷം ) അപേക്ഷിച്ച് കഴിഞ്ഞ വർഷം 30 ശതമാനമാണ് കുറവ് വന്നത്. അറേബ്യൻ ബിസിനസ്‌ വീക്ക്ലിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.