പാക്ക് എഫ് -16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. ചടങ്ങുകൾ ഒഴിവാക്കി ഉന്നതതല ചർച്ചയ്ക്ക് മോദി .

കുവൈത്ത് സിറ്റി :ബാലാ ക്കോട്ടിലെ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറാൻ പാകിസ്താന്റെ ശ്രമം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു മൂന്ന് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളാണ് രജൗറിജില്ലയിലെ നൗഷേറ സെക്ടറിൽ പ്രവേശിച്ചത്. തൊട്ട് പിന്നാലെ ഇവയെ ഇന്ത്യൻ വ്യോമസേന തുരത്തി. പാകിസ്താന്റെ ഒരു എഫ് 16 വിമാനം ഇന്ത്യ വെടി വെച്ചിട്ടു. ഇതിൽനിന്നും ഒരാൾ പാരച്യൂട്ടിൽ ലക്ഷ്യപ്പെട്ടുവെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്തു. അതേസമയം വ്യോമാതിർത്തി കടന്ന പാക്ക് വിമാനം രജൗറിയിൽ ബോംബിട്ടതായും എ എൻ ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ചിത്രങ്ങളും അവർ പുറത്തു വിട്ടു. അതിനിടെ പാക്ക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായും ഒരു പൈലറ്റിനെ പിടികൂടിയെന്നും പാക്ക് സേന മേജർ ജനറൽ എ ഗഫൂർ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കാശ്മീരിലും മറ്റൊരു വിമാനം ഇന്ത്യൻ അതിർത്തിയിലും വീണെന്നാണ് അവരുടെ അവകാശ വാദം.

അതേസമയം ലേ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വിമാനങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു . ഇവിടങ്ങളിൽ വ്യോമ നിരോധന മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയ്ക്ക് സുഗമമായ നീക്കങ്ങൾക്ക് വേണ്ടിയാണ് നിയന്ത്രണമെന്നാണ് വിശദീകരണങ്ങൾ .