ജലീബ് അൽ ശുയൂഖിൽ വൻ സുരക്ഷാ പരിശോധന. 250 പേർ പിടിയിൽ

കുവൈത്ത് സിറ്റി :ജലീബ് അൽ ശുയൂഖ്, ഹസാവി എന്നിവിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 250 പേരെ പിടികൂടി. വൈകുന്നേരം ആളുകൾ ജോലി അവസാനിപ്പിച്ചു വരുന്ന സമയം നോക്കിയാണ് ശക്തമായ പരിശോധന അരങ്ങേറിയത്. ഒരു ഭാഗത്തേക്കുള്ള വഴികൾ എല്ലാം അടച്ചു രക്ഷപ്പെടാൻ യാതൊരു പഴുതും നൽകാതെയായിരുന്നു പോലീസ് പരിശോധന നടത്തിയത് . ആദ്യഘട്ടങ്ങളിൽ പിടികൂടിയവരെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറ്റുകയും അവിടെവെച്ച് തിരിച്ചറിയൽ രേഖകളിൽ സൂക്ഷ്‌മ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ കൃത്യമായ രേഖകൾ ഇല്ലാത്തവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇഖാമ കാലാവധി തീർന്നവർ, സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, സ്പോൺസർമാർ ഒളിച്ചോട്ടത്തിന് കേസുകൊടുത്തവർ, സിവിൽ, ക്രിമിനൽ കേസുകളിലെ പ്രതികൾ,
മദ്യ മയക്കുമരുന്ന് കച്ചവടക്കാർ, യാതൊരു തിരിച്ചറിയൽ രേഖയും കൈവശമില്ലാത്തവർ, തുടങ്ങിയവരെ തേടിയാണ് പോലീസ് റെയിഡ് നടത്തിയത്.വരും ദിവസങ്ങളിലും ശക്തമായ പരിശോധന അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.