ഇന്ത്യ-പാക് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം വേണം: കാന്തപുരം

കോഴിക്കോട്: ഇന്തോ-പാക് പ്രശ്നത്തില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഗ്രാന്റ് മുഫ്തിയായ നിയമിക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ദക്ഷിണേന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പ്രമുഖരുടെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂട പരിഹരിക്കപ്പെടണം. ഇന്ത്യക്കു നേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണം ഐക്യരാഷ്ട്ര സഭ ഗൗരവപൂര്‍വമായി കാണുകയും, ആഗോള കോടതിയില്‍ വിചാരണ നടത്തുകയും വേണം. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണങ്ങള്‍ അന്യായമാണ്. അവ അവസാനിപ്പിക്കപ്പെടണം. എന്നാല്‍, യുദ്ധം പ്രശ്നപരിഹാരത്തിനുള്ള വേഗത്തിലുള്ള തീര്‍പ്പാവരുത്. ആണവശക്തികളായ രണ്ടു രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പോവുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള അനേകം ജീവിതങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. ഓരോ യുദ്ധവും നിരവധി പേരുടെ ജീവിതം അപഹരിച്ച ചരിത്രമാണ് ലോകത്തുള്ളത്. സമാധാനപരമായ നടപടികളിലൂടെ ഈ പ്രശ്നം പരിഹരിക്കാനായാല്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ പ്രശസ്തി ഉയരും: കാന്തപുരം പറഞ്ഞു.

മുസ്ലിം രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) അബുദാബി ഉച്ചകോടിയിലേക്ക് അതിഥി രാജ്യമായി ഇന്ത്യയെ ക്ഷണിച്ച നീക്കം സ്വാഗതാര്‍ഹമാണെന്നും ദക്ഷിണേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നും കാന്തപുരം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ ഇന്ത്യക്ക് ഒ ഐ സിയില്‍ പൂര്‍ണാംഗത്വം നല്‍കണമെന്ന നിര്‍ദേശം നേരത്തെ ഉണ്ട്. 1969ല്‍ അമ്മാനില്‍ നടന്ന ഒ.ഐ.സിയുടെ പ്രഥമ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട ഏക മുസ്ലിമേതര രാജ്യം ഇന്ത്യയാണ്. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ എന്നതില്‍ നിന്നും ലോക മുസ്ലിം ജനതയുടെ കൂട്ടായ്മ എന്ന വിശാലമായ താല്പര്യമാണ് ഒ.ഐ.സി മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യ, തായ്ലന്റ് പോലുള്ള രാജ്യങ്ങള്‍ക്കും ഇന്ത്യ സ്ഥാപാകാംഗമായ ചേരിചേരാ പ്രസ്ഥാനത്തിനും നിരീക്ഷക- അംഗത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ ഉള്ള ഇന്ത്യയെ ഇതില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ഒ.ഐ.സിക്ക് നഷ്ടമാണ്. മുസ്ലിം വിഷയങ്ങളിലുള്ള ഇന്ത്യയുടെ അനുഭവം ഒ.ഐ.സിക്ക് മുതല്‍ കൂട്ടാവുകയേ ഉള്ളൂ. ഇതു സംബന്ധിച്ചു പല അംഗ രാജ്യങ്ങളും ഉന്നയിച്ച നിര്‍ദേശം പരിഗണനക്കെടുക്കാന്‍ ഒ.ഐ.സി തയാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശങ്ങള്‍ വകവെച്ചുനല്‍കുന്നുണ്ട്. ഏത് മതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. പക്ഷേ, ഇടക്കാലത്ത് ഭരണകൂട നിലപാടുകളും ചില കോടതിവിധികളും ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലാവുന്നുണ്ടോ എന്ന ആശങ്ക തള്ളിക്കളയാനാവില്ല. പാര്‍ലമെന്റ് തള്ളിയ മുത്വലാഖ് ബില്‍ കേന്ദ്ര മന്ത്രിസഭ വീണ്ടും ഓര്‍ഡിനന്‍സായി ഇറക്കിയതും, ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കവുമെല്ലാം ഇതിന്റെ ഭാഗമായേ കാണാന്‍ കഴിയൂ. ശരീഅത്ത് മുസ്ലിംകളുടെ നിയമസംഹിതയാണ്. പുരോഗമനാത്മകവുമാണ്. അതില്‍ ഭേദഗതി നടക്കില്ല. കാന്തപുരം പറഞ്ഞു.

ഫത്വ, മുഫ്തി തുടങ്ങിയ മുസ്ലിം സമ്പ്രദായങ്ങള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മതത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നവരാണ് ഈ തെറ്റുദ്ധാരണ ഉണ്ടാക്കിയത്. ചാവേര്‍ ആയി പോകാന്‍ അനുമതി നല്‍കുന്ന ഇത്തരം ഫത്വകള്‍ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളും ഫത്വകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും അറിയാത്തവര്‍ നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങളാണ് തീവ്രവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തിയത്. മുസ്ലിംകളുടെ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങളെ മതത്തിലെ പ്രമാണങ്ങളെ അടിസ്ഥാനമാക്കി വ്യാഖ്യാനിക്കുകയും അവക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ആണ് ഫത്വകളുടെ പ്രധാന ലക്ഷ്യം. ആ നിലക്ക് അവരുടെ ജീവിതത്തെ പ്രയാസരഹിതമാക്കുകയാണ് ഫത്വകള്‍ ചെയ്യേണ്ടത്.

ഇന്ത്യയിലെ മുസ്ലിംകളുടെ മതപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റങ്ങള്‍ക്ക് ഗ്രാന്‍ഡ് മുഫ്തി പദവിയെ ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിപുലമായ സൗകര്യങ്ങളോടെയുള്ള ആസ്ഥാനം സജ്ജീകരിക്കും. ഇസ്ലാമിക ശരീഅത്ത് പല നിലക്കുള്ള ഭീഷണികള്‍ നേരിടുന്ന ഈ കാലത്ത് മുഫ്തിയുടെ പദവി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആധുനിക നിയമ വ്യവസ്ഥയുമായുള്ള സംഘര്‍ഷത്തിനല്ല, സഹവര്‍ത്തിത്വത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനുള്ള സാധ്യതകള്‍ ഇസ്ലാമിലും ആധുനിക നിയമ വ്യവസ്ഥയിലും ഉണ്ട്. അവ അന്വേഷിച്ചു കണ്ടെത്താനുള്ള വിദഗ്ധ ഗവേഷകരുടെ അഭാവമാണ് നാം നേരിടുന്ന വെല്ലുവിളി. ആധുനിക നിയമ പഠനത്തിലെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാകും ഫത്വ ബോര്‍ഡിന്റെ പുതിയ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നും കാന്തപുരം അറിയിച്ചു. ഭീഷണി നേരിടുന്ന ഘട്ടത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതു നിര്‍വഹിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും കാന്തപുരം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന്‍ മുഖ്യാഥിതിയായിരുന്നു. ഗ്രാന്റ് മുഫ്തിയെ കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, റഹീം ഖാന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ബുഖാരി, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി അബ്ദുല്‍ജബ്ബാര്‍ എന്നിവര്‍ ആദരിച്ചു. സയ്യിദ് സൈനുല്‍ആബിദീന്‍ ബാഫഖി, മഹാ മഹിമശ്രി കെ പി ഉണ്ണി അനുജന്‍ രാജ(കോഴിക്കോട് സാമൂതിരി രാജ), കോഴിക്കോട് ബിഷപ്പ് റവ. ഡോ. തോമസ് പനക്കല്‍, ഡോ. എം ജി എസ് നാരായണന്‍, എം കെ രാഘവന്‍ എം പി, എ പ്രദീപ് കുമാര്‍ എം എല്‍ എ, കാരാട്ട് റസാഖ് എം എല്‍ എ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍വഹാബ്, മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ഗഫൂര്‍ സൂര്യ, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കൈതപ്രം ദാമോതരന്‍ നമ്പൂതിരി, സി പി കുഞ്ഞുമുഹമ്മദ് ഹാജി കെ ആര്‍ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ എലി അബ്ദുല്ല സ്വാഗതവും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ പ്രസംഗവും നടത്തി.