കുവൈത്ത് സിറ്റി: കുവൈറ്റിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിവിധ നടപടികൾ ത്വരിതപ്പെടുതാനൊരുങ്ങുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ഈ മാസം പ്രത്യേക യോഗം ചേരുമെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പി.എ.എം), ഇഖാമ കാര്യ വകുപ്പ്, സിവിൽ സർവിസ് കമീഷൻ (സി.എസ്.സി) എന്നീ വകുപ്പുകൾ യോഗത്തിൽ പങ്കെടുക്കും.
ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാനാകും എന്നതിനൊപ്പം പ്രത്യേക രൂപരേഖ തയാറാക്കാനും യോഗത്തിൽ ശ്രമമുണ്ടാകും. വിദഗ്ധതരല്ലാത്ത തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനുള്ള തീരുമാനം നടപ്പാക്കാൻ ലക്ഷ്യമിടുന്ന നടപടിക്രമങ്ങളുടെ ലിസ്റ്റ് ഇതിൽ പ്രധാനമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപം നടത്താത്ത വിദേശികളുടെ പരമാവധി താമസ കാലാവധി അഞ്ചു വർഷമായി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ചും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ രൂപവത്കരിച്ച ചട്ടങ്ങൾക്ക് അനുസൃതമായി വർക്ക് പെർമിറ്റുകൾ കുറക്കുന്നതും ചർച്ചയിൽ പരിഗണിക്കും.