കുവൈത്ത് സിറ്റി: കുവൈത്തിലെ ആകെ തൊഴിലാളികളില്‍ 24 ശതമാനവും ഇന്ത്യക്കാര്‍. ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ മുൻ വർഷത്തേതിൽ നിന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 4.7 ലക്ഷം ഇന്ത്യക്കാർ കുവൈത്തില്‍ ജോലി ചെയ്യുന്നതായി കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് വ്യക്തമാക്കുന്നു. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവർക്കുപുറമെയുള്ളവരുടെ കണക്കാണിത്.
കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒമ്പതു മാസത്തിനിടയിൽ 39,219 ഇന്ത്യൻ തൊഴിലാളികൾ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിച്ചു. നേരത്തേ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് ഒന്നാം സ്ഥാനത്തായിരുന്ന ഈജിപ്തുകാർ പുതിയ റിപ്പോർട്ട് പ്രകാരം രണ്ടാം സ്ഥാനത്തായി.
കുവൈത്തിലെ തൊഴിലാളികളുടെ 23.6 ശതമാനം ഈജിപ്തിൽ നിന്നുള്ളവരാണ്. 120ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെങ്കിലും വിദേശീ സാന്നിധ്യത്തിന്റെ 90 ശതമാനവും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താന്‍, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരാണ് .