കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് മന്ത്രിസഭയുടെ രാജി പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജിയിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ്. ചൊവ്വാഴ്ചയാണ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ കണ്ട് പ്രധാനമന്ത്രി രാജിക്കത്ത് നേരിട്ടു കൈമാറിയത്. വിഷയത്തിൽ കിരീടാവകാശി, അമീർ എന്നിവരുടെ പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല. രാജി അംഗീകരിക്കുന്നപക്ഷം പുതിയ സർക്കാറിന് രൂപം നൽകേണ്ടിവരും.
ധനമന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കാബിനറ്റ് കാര്യമന്ത്രി ബറാക്ക് അൽ ഷിത്താൻ എന്നിവർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം.പിമാർ അറിയിച്ചതിനു പിറകെയായിരുന്നു പ്രധാനമന്ത്രി രാജിവെക്കാനുള്ള നിലപാട് സ്വീകരിച്ചത്. തുടർന്ന് സർക്കാറിന്റെ രാജിക്കത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിച്ചതായി പ്രധാനമന്ത്രി തിങ്കളാഴ്ചത്തെ പ്രതിവാര യോഗത്തിൽ മന്ത്രിസഭയെ അറിയിച്ചു.
അതിനിടെ, ദേശീയ അസംബ്ലിയുടെ പതിവ് സമ്മേളനം സ്പീക്കർ അഹ്മദ് അൽ സദൂൻ ചൊവ്വാഴ്ച നിർത്തിവെച്ചു. സമ്മേളനത്തിൽ സർക്കാർ ഭാഗത്തുനിന്ന് ആരും പങ്കെടുത്തിരുന്നില്ല. സെഷനിൽ പങ്കെടുക്കാത്തതിനെ കുറിച്ച് സർക്കാർ തന്നെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ സെഷന്റെ തുടക്കത്തിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.