കുവൈറ്റ്: കുവൈത്തിൽ കഴിഞ്ഞ ദിവസം ഫിലിപ്പീനോ വേലക്കാരി ജൂലൈബി റെനാറോ (35) കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്തുമായുള്ള തൊഴിൽ കരാറുകൾ പുനഃപരിശോധിക്കണമെന്ന് ഫിലിപ്പീൻസ് കുടിയേറ്റ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.എന്നാൽ കുറ്റകൃത്യം നടന്ന സാഹചര്യത്തിൽ , ഫിലിപ്പെൻസിൽ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിവയ്ക്കുന്ന കാര്യം തൽക്കാലം പരിഗണനയിൽ ഇല്ലെന്നും പകരം അവിടെയുള്ള തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം തേടുമെന്നും കുടിയേറ്റ തൊഴിൽ സെക്രട്ടറി ടൂട്സ് ഒപ്ലെ പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം
ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തും ഫിലിപ്പീൻസും തമ്മിൽ രൂപീകരിച്ച തൊഴിൽ കരാറുകൾ പുനഃപരിശോധിക്കുകയും , ഞങ്ങളുടെ തൊഴിലാളികൾക്കുള്ള സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും തങ്ങളുടെ തൊഴിലാളികൾക്ക് നേരെയുള്ള നിയമ ലംഘനങ്ങളും ദുരുപയോഗങ്ങളും ആവർത്തിക്കാൻ അനുവദിക്കുന്നതല്ലയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ജോലി ചെയ്യുന്ന തങ്ങളുടെ മറ്റ് തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇതിനകം പരിശോധിച്ച് വരികയാണ്.തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻസിന് വേണ്ടി ഹാജരാകാൻ ഒരു കുവൈത്തി അഭിഭാഷകനെ മന്ത്രാലയം ചുമതലപ്പെടുത്തിയതായും ടൂട്സ് ഒപ്ലെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സാൽമി മരു പ്രദേശത്ത് ഫിലിപ്പീനോ വീട്ടു വേലക്കാരിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസിൽ 16 കാരനായ കുവൈത്തി ബാലൻ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗിക പീഡനത്തിനു ഇരയായതായും ഗർഭിണി ആയിരുന്നുന്നതായും കണ്ടെത്തിയിരുന്നു. യുവതിയെ താൻ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം കത്തിച്ച ശേഷം മരുഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.