കുവൈത്ത് : അന്തർദേശിയ തലത്തിൽ അധ്യയന ദിനങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യമായി കുവൈത്ത് . അറബ് ബ്യൂറോ ഓഫ് എജ്യുക്കേഷനാണ് ഇത് വ്യക്തമാക്കുന്ന പട്ടിക പുറത്തിറക്കിയത്. സർഗ്ഗാത്മകതയുടെയും ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ലോകത്ത് വളരെയേറെ മുന്നേറിയ രാജ്യങ്ങളിൽ ഭൂരിഭാഗവും ഏറ്റവും കൂടുതൽ അധ്യയന ദിനങ്ങൾ നിർബന്ധമാക്കിയ രാജ്യങ്ങളാണെന്നും ബ്യൂറോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുവൈത്തിൽ വർഷത്തിൽ 174 അധ്യയന ദിനങ്ങൾ മാത്രമാണുള്ളത്. ആഗോള തലത്തിൽ കുവൈത്തിനു പിന്നിൽ , ബഹ്‌റൈൻ, ബെൽജിയം എന്നീ രാജ്യങ്ങളാണ്. മറ്റ് ഗൾഫ് രാജ്യങ്ങളായ യുഎഇയിൽ 182 ദിവസവും , ഒമാനിലും സൗദിയിലും 180 ദിവസവുമാണ് അധ്യയന ദിനങ്ങളുടെ എണ്ണം. സ്ഥിതി വിവര കണക്കുകൾ പ്രകാരം അറബ് ലോകത്ത്, ഈജിപ്തിൽ 192 മുതൽ 204 ദിവസം വരെയും ടുണീഷ്യയിലും ജോർദാനിലും 200 ദിവസവുമാണ്. ആഗോള തലത്തിൽ പട്ടികയിൽ ഒന്നാം സ്ഥാനം , ജപ്പാനാണ്. 243 ദിവസമാണ് ജപ്പാനിൽ അധ്യാന ദിനങ്ങളുടെ എണ്ണം. ലോകത്തെ മിക്ക രാജ്യങ്ങളിലെയും ശരാശരി അധ്യയന ദിനങ്ങളുടെ എണ്ണം 200 ദിവസമാണ്. നെതർലാൻഡ്‌സ്, സ്കോട്ട്‌ലൻഡ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇത് 200 ദിവസവുമാണെന്നും സ്ഥിതി വിവര കണക്കുകളിൽ സൂചിപ്പിക്കുന്നു. ന്യൂസിലാൻഡ്, ഫിൻലൻഡ്, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ 190 ദിവസവും , ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 180 ദിവസവുമാണ് ഒരു വർഷത്തെ അധ്യയന ദിനങ്ങളുടെ എണ്ണം.