കുവൈത്ത് : ഭൂകമ്പം നേരിടുന്നതിനുള്ള ആസൂത്രണ പദ്ധതികൾ കുവൈത്തിൽ ആവിഷ്കരിക്കണമെന്ന് ഭൂമിശാസ്ത്രജ്ഞന്മാർ സർക്കാറിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ രാജ്യത്തിന് സമീപ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പം മൂലമുള്ള അപകടങ്ങളും ജീവഹാനിയും ഒഴിവാക്കുവാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സബാഹ് അൽ-അഹമ്മദ് സെന്റർ ഫോർ എൻവയോൺമെന്റൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവേയാണ് വിദഗ്ദർ ഈ ആവശ്യം ഉന്നയിച്ചത്.രാജ്യത്തെ കെട്ടിടങ്ങൾക്ക് ഒരു ബിൽഡിംഗ് കോഡ് അനുവദിക്കുന്ന നടപടി വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത വിദഗ്ദർ അടിവരയിട്ട് വ്യക്തമാക്കി.
പ്രത്യേകിച്ച് ഉയരമുള്ള കെട്ടിടങ്ങളിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഭൂചലന വേളകളിൽ കെട്ടിടത്തിലെ താമസക്കാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകുന്നതിന് കെട്ടിടങ്ങളുടെ താഴെയും മധ്യത്തിലും മുകൾ ഭാഗത്തും സെൻസറുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സെമിനാറിൽ ചൂണ്ടിക്കാട്ടി.