കുവൈത്ത് സിറ്റി: വിപണിയിൽ റമദാൻ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി വാണിജ്യ മന്ത്രാലയം പരിശോധന ആരംഭിച്ചു. ഷുവൈഖ് ഏരിയയിലെ മാംസവും ഈത്തപ്പഴവും വിൽക്കുന്ന സ്ഥാപനങ്ങളില്‍ പ്രത്യേക സംഘം പരിശോധന നടത്തി. റമദാനിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരിശോധന സംഘം മേധാവി ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
റമദാനിൽ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. അവശ്യസാധനങ്ങൾ വിപണിയില്‍ ലഭ്യമാണെന്നും വരും ദിവസങ്ങളില്‍ രാജ്യത്തെ വിവിധ വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൽപന്നങ്ങളില് രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അൽ അൻസാരി മുന്നറിയിപ്പ് നല്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വാണിജ്യ പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യകൾ, ഹൈപ്പർ-സൂപ്പർ മാർക്കറ്റുകൾ അടക്കം എല്ലാ ഭക്ഷ്യോൽപന്ന കേന്ദ്രങ്ങളിലും പരിശോധന നടത്തും. കേടായ സാധനങ്ങൾ വിൽക്കുന്നതും അമിതവില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകും.
റമദാനിൽ ആവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചൂഷണം ചെയ്ത് കൃത്രിമ വിലവർധന ഉണ്ടാക്കുന്നവരുണ്ട്. ഇത്തരത്തിൽ ഉപഭോക്താക്കളെ കബളിപ്പിക്കാൻ അനുവദിക്കില്ല. പഴം, പച്ചക്കറി വിപണിയിലെയും മാംസ- മത്സ്യ വിപണിയിലെയും വിലനിലവാരം അപ്പപ്പോൾ പഠനവിധേയമാക്കും.