കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ 2023-2024 അധ്യയന വർഷത്തിലേക്ക് ഫീസ് വർദ്ധനവ് അനുവദിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. സാധുവായ താമസ രേഖയുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ സ്‌കൂളിൽ പ്രവേശനം അനുവദിക്കുവെന്നും ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്ത വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പുതുതായി പ്രവേശനം നൽകുന്നതും അനുവദനീയമല്ലയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒന്നും രണ്ടും റൗണ്ടിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ വീണ്ടും രജിസ്റ്റർ ചെയ്യാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. 2023-2024 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ് അടച്ചില്ലെങ്കിൽ വിദ്യാർത്ഥിയെ രജിസ്റ്റർ ചെയ്തതായി കണക്കാക്കില്ല. കുടുംബ വിസയിൽ കഴിയുന്ന കുട്ടികൾക്ക് മാത്രമേ വിദ്യാലയത്തിൽ പ്രവേശനം അനുവദിക്കാവു. സന്ദർശക വിസ, താൽക്കാലിക വിസ മുതലായ വിഭാഗം വിസകളിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കരുത്. പ്രവേശന വിസയിൽ രാജ്യത്ത് പ്രവേശിച്ച പുതിയ വിദ്യാർത്ഥികൾ അവ സ്‌കൂൾ അധികൃതർക്ക് നൽകി എൻട്രി തീയതി മുതൽ രണ്ട് മാസത്തിനകം വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.എൽ.കെ . ജി. ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 3 വയസ്സും 6 മാസവും യു.കെ . ജി. ക്ലാസുകളിലേക്ക് 4 വയസ്സും 6 മാസവുമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായ പരിധി 5 വയസ്സും 6 മാസവും പൂർത്തിയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.