കുവൈത്ത് സിറ്റി : കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ വിദ്യാർഥികൾക്കായി സ്കൂൾ ബസുകൾ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ജഹ്‌റ, ഫർവാനിയ, ഹവല്ലി എന്നീ മൂന്ന് വിദ്യാഭ്യാസ മേഖലകളിൽ മന്ത്രാലയം കരാറിൽ ഒപ്പ് വെച്ചു. ഈ അധ്യയന വർഷത്തിൽ സെപ്തംബർ മാസം മുതലാണ് കരാർ പ്രാബല്യത്തിൽ വരിക. മറ്റു വിദ്യാഭ്യാസ മേഖലകളിലെ സ്‌കൂൾ ബസ് കരാറിനുള്ള ടെണ്ടറുകൾ ഓഡിറ്റ് ബ്യൂറോ അധികൃതർ വിലയിരുത്തി വരികയാണ്.
ഇത് പൂർത്തിയായാൽ മുമ്പത്തെ പോലെ രാജ്യത്തെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും സ്‌കൂൾ ബസുകൾ തിരിച്ചു വരും.കൊറോണ മഹാമാരി കാലത്താണ് സർക്കാർ വിദ്യാലയങ്ങളിൽ സ്‌കൂൾ ബസുകൾ നിർത്തലാക്കിയത്. രാജ്യത്ത് ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സ്‌കൂൾ ബസ് സംവിധാനം പുനസ്ഥാപിക്കപ്പെടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.