കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ, ഹജ്ജ് നിർവഹിക്കുന്നതിനു സൗദിയിലേക്ക് പോകുന്ന യാത്രക്കാർക്കായി കുവൈത്തിനെ ട്രാൻസിറ്റ് കേന്ദ്രമായി മാറ്റുന്ന പദ്ധതിക്ക് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം രൂപം നൽകി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയ അധികൃതരുമായി ചർച്ച നടത്തി വരികയാണ്.
വിവിധ രാജ്യങ്ങളിൽ നിന്നു സൗദിയിലേക്ക് ഹജ്ജ്, ഉംറ നിർവഹിക്കുന്നതിനായി പോകുന്ന തീർത്ഥടക രെ സഹായിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രതി വർഷം പത്ത് ലക്ഷം യാത്രക്കാരെങ്കിലും കുവൈത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാഖ്, ഇറാൻ, ബോസ്നിയ, ചെച്‌നിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ , കുവൈത്ത് ട്രാൻസിസ്റ്റ് കേന്ദ്രമായി തങ്ങളുടെ പൗരന്മാരെ സൗദിയിലേക്ക് തീർത്ഥടനത്തിനു അയക്കുന്നതിനായി സന്നദ്ധത പ്രകടിപ്പിച്ചു. പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചാൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹജ്ജ്, ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള വിസയും നിശ്ചിത കാലത്തേക്ക് താമസിക്കാനുള്ള സൗകര്യവും ഏർപ്പെടുത്താനാണ് ആലോചന. ഓരോ യാത്രക്കാർക്കും വിസ ഫീസ് ഏർപ്പെടുത്തുന്നതിന് പുറമെ തീർഥാടകർക്ക് ഒരു സംയോജിത മത-ടൂറിസം പരിപാടി അവതരിപ്പിക്കുകയും ഇത് പ്രകാരം കുവൈത്തിൽ നിന്ന് യാത്ര ക്രമീകരിക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് റമദാൻ മാസത്തിന് ശേഷം ഇരു മന്ത്രാലയ അധികൃതരും യോഗം ചേരുന്നതാണ്. തുടർന്ന് രാജ്യത്തെ ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളുമായി ഇതിനായി ഏകോപനം നടത്തും. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഉംറ, ഹജ്ജ് തീർഥാടകർക്ക് കുവൈത്തിൽ പ്രവേശന വിസ അനുവദിക്കുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്നതായിരിക്കും