കുവൈത്ത് സിറ്റി : ഈ റമദാൻ മാസത്തിൽ കുവൈത്തിൽ അന്താരാഷ്ട്ര വിമാനത്താവളം വഴി 7800 ഫ്ലൈറ്റുകളിലായി 7 ലക്ഷത്തോളം പേർ യാത്ര ചെയ്തതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സലേഹ് അൽ ഫദാഗി വ്യക്തമാക്കി. ഈദ് ഉൾപ്പെടെയുള്ള യാത്രാ സീസണുകൾ നേരിടാൻ സജീവമായ നിരവധി നടപടികൾ സ്വീകരിച്ചു വരുന്നതായും യൂണിയൻ ഓഫ് കുവൈത്ത് ട്രാവൽ ആൻഡ് ടൂറിസം സംഘടിപ്പിച്ച റമദാൻ ഗബ്കയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ഈദ് അൽ ഫിത്തർ അവധിയോട് അനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 25 വരെയുള്ള കാലയളവിൽ കുവൈത്ത് വിമാനത്താവളം വഴി രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,800 ഫ്ലൈറ്റുകൾ വഴിയാണ് ഇതെന്നും അദ്ദേഹം അറിയിച്ചു. ഈദ് അവധിക്കാലത്ത് ഏറ്റവും അധികം പേർ യാത്ര ചെയ്യുന്നത് ദുബായ്, ഇസ്താംബുൾ, ജിദ്ദ, കെയ്‌റോ, ദോഹ എന്നീ നഗരങ്ങളിലേക്കാണ്. വേനൽക്കാല യാത്രാ സീസണുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ക്രമീകരണങ്ങൾ നടത്തി വരികയാണ്. ഇതിനായി ഓപ്പറേഷൻസ്, എഞ്ചിനീയറിംഗ്, സെക്യൂരിറ്റി ഓർഗനൈസേഷൻ മുതലായ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഒരു സംഘത്തെ രൂപീകരിക്കാനുള്ള പ്രക്രിയകൾ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.