കുവൈത്ത്: കുവൈത്തിൽ വാഹന ഇൻഷുറൻസ് നിരക്ക് വർദ്ധിപ്പിച്ച തീരുമാനം താൽക്കാലികമായി പിൻ വലിച്ചു. സാധാരണ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം 19 ദിനാറിൽ നിന്ന് 32 ദിനാർ ആയി വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയത്. മറ്റു വിവിധ വിഭാഗത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയം നിരക്കും ഗണ്യമായി വർദ്ധിപ്പിചിരുന്നു.
ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം താത്കാലികമായി പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവുമായി ചേർന്നുള്ള സംയുക്ത പഠനം പൂർത്തിയാക്കുന്നത് വരെ തീരുമാനം നടപ്പിലാക്കുന്നത് നിർത്തി വെക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.