കുവൈത്ത് സിറ്റി: സമശീതോഷ്ണ കാലാവസ്ഥക്കുശേഷം രാജ്യം പതിയെ ഉഷ്ണകാലത്തിലേക്ക് മാറുകയാണ്. അടുത്ത വെള്ളിയാഴ്ചയോടെ രാജ്യത്ത് വേനൽക്കാലം ആരംഭിക്കുമെന്ന് അൽ അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ചൂട് ഇതോടെ 40 ഡിഗ്രിയിലേക്ക് ഉയരുമെന്നും
സെന്റർ വ്യക്തമാക്കി.
30 ഡിഗ്രി സെൽഷ്യസിനു താഴെയായിരുന്ന രാജ്യത്തെ ഉയർന്ന താപനില ഈ ആഴ്ച 37ലേക്ക് ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഈ മാസം 17ന് കൂടിയ താപനില 31, കുറഞ്ഞ താപനില 16 എന്നിങ്ങനെയായിരുന്നു. ഇതാണ് വലിയതോതിൽ ഉയർന്നത്. താപനില
ഉയർന്നതോടെ പകൽ ചൂട് കൂടിയിട്ടുണ്ട്. രാത്രിയും ചൂട് അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിലും താപനില വർധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തിപ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്.
കഴിഞ്ഞ വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരുന്നത്. നേരിട്ട് സൂര്യതാപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി ഏർപ്പെടുത്തിയിരുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കൂടിയ ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കാലാവസ്ഥയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതോടെ രാജ്യം വരുന്ന പകലുകളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജൂൺ രണ്ടാംവാരം വരെ ഇത് തുടരും.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വിവിധ ഘടകങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിൽ പൊതുവിലും കുവൈത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അടുത്തിടെ അനുഭവപ്പെടുന്നത്.