കുവൈത്ത് സിറ്റി : ജലത്തിന്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഇടം നേടി. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കുവൈത്തിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിയിരിക്കുന്നത്. രാജ്യത്തെ
എല്ലാ ഉപഭോക്താക്കൾക്കും ഉയർന്ന നിലവാരമുള്ള ശുദ്ധ ജലം എത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾ വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജല വൈദ്യുതി, മന്ത്രാലയത്തിലെ ആസൂത്രണ, പരിശീലന, ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അലി ഷ’അബാൻ വ്യക്തമാക്കി.
ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മന്ത്രാലയം രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന 150 ൽ അധികം കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു കൊണ്ടാണ് ഗുണ നിലവാരം പരിശോധിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.