കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിനു ബയോ മെട്രിക് പരിശോധന ഉടൻ തന്നെ നിർബന്ധമാക്കും. 18 വയസ്സ് പൂർത്തിയായ എല്ലാ പ്രവാസികളെയും താമസ രേഖ പുതുക്കുന്നതിന് മുന്നോടിയായി ബയോ മെട്രിക് പരിശോധനക്ക് വിധേയരാക്കുവാനാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവിൽ ഈ പ്രായ വിഭാഗത്തിൽ പെട്ട ഇരുപത് ലക്ഷത്തോളം പ്രവാസികളാണ് രാജ്യത്ത് കഴിയുന്നത്. ഇത്രയും പേരുടെ ബയോ മെട്രിക് പരിശോധന പൂർത്തിയാക്കുവാൻ ആറു മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റ് മുഖേനെ മുൻ കൂർ അപ്പോയിന്റമെന്റ് സംവിധാനം ഏർപ്പെടുത്തുവാനാണ് തീരുമാനം. നിലവിൽ രാജ്യത്ത് പുതുതായി എത്തുന്ന പ്രവാസികൾക്ക് ബയോ മെട്രിക് പരിശോധന നടപ്പിലാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ വിസ പുതുക്കൽ നടപടിക്രമങ്ങൾ ബയോ മെട്രിക് പരിശോധന സംവിധാനവുമായി ബന്ധിപ്പിക്കുവാനാണ് തീരുമാനം.
അതെ സമയം അതിർത്തി കവാടങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന സ്വദേശികളെയും വിദേശികളെയും ബയോ മെട്രിക് പരിശോധനയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കുവാൻ ബന്ധപ്പെട്ട കേന്ദ്രത്തിലെ മേധാവിക്ക് വിവേചന അധികാരം ഉണ്ടായിരിക്കും. ഇവർ പിന്നീട് മുൻ കൂർ അപ്പോയ്ന്റ്മെന്റ് പ്രകാരം ബയോ മെട്രിക് പരിശോധനക്ക് വിധേയരാകേണ്ടതാണ്. നിലവിലുള്ള കേന്ദ്രങ്ങൾക്ക് പുറമെ കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും ബയോ മെട്രിക് പരിശോധന സംവിധാനം നടപ്പിലാക്കിയത്.രാജ്യത്തെ അതിർത്തി കവാടങ്ങൾ വഴി എത്തിച്ചേരുന്നവരും പുറപ്പെടു ന്നവരുമായ മുഴുവൻ യാത്രക്കാരുടെയും മുഖം, കണ്ണ്, വിരലടയാളം മുതലായവ ബയോ മെട്രിക് പരിശോധനക്ക് വിധേയമാക്കുന്നതാണ് പുതിയ സംവിധാനം.