കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തുടരും. ശൈഖ് അഹ്മദിനെ പുതിയ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി നിയമിച്ച് ബുധനാഴ്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കി. പുതിയ മന്ത്രിസഭ അംഗങ്ങളെ തിരഞ്ഞെടുക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി.
മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുൻ പ്രധാനമന്ത്രിമാരുമായും സ്പീക്കർമാരുമായും ചർച്ചകൾ നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ നിശ്ചയിച്ച് ബുധനാഴ്ച അമീറിന്റെ ഉത്തരവ് വന്നത്. മന്ത്രിസഭ അംഗങ്ങളെ പ്രധാനമന്ത്രി വൈകാതെ നിശ്ചയിക്കും. നിലവിലുള്ള മന്ത്രിമാരിൽ വലിയ മാറ്റം പുതിയ മന്ത്രിസഭയിലും ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, പുതിയ എം.പിമാരിൽനിന്ന് രണ്ടുപേരെങ്കിലും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ. കുവൈത്ത് ഭരണഘടനപ്രകാരം കുറഞ്ഞത് ഒരു എം.പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തൽ നിർബന്ധമാണ്. ഈമാസം 20ന് ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ മന്ത്രിസഭ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.