സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയുടെ ഭാഗമായി ദുബായിൽ ആരംഭിച്ച ആദ്യ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ദുബായിലെ താജിൽ ഇന്ന് 2023 ജൂൺ 18 ന് വൈകീട്ടായിരുന്നു ഉദ്ഘാടന ചടങ്ങ്. ദുബായ് സിലിയോൺ ഒയാസിസ് വൈസ് പ്രസിഡന്റ് ഗാനിം അൽ ഫലാസി, അംബാസഡർ സഞ്ജയ് ഔദിർ, ചീഫ് സെക്രട്ടറി വി.പി.ജോയ്, എം.എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, വി.കെ.മാത്യു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളിൽ ഏകദേശം 32 ദശലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തിൻറെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 78 ബില്യൺ ഡോളറാണ് പ്രവാസി സമൂഹം നൽകുന്നത്. കേരളത്തിൽ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിൻറെ വിപുലമായ സംഭാവനകൾ പ്രയോജനപ്പെടുത്തുന്നതിനുമായാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പദ്ധതി ആരംഭിക്കുന്നത്.
സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ആഗോള ഡെസ്കായി പ്രവർത്തിക്കും, ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്.