നസീം: കുവൈറ്റിന്റെ ഹജ്ജ് മിഷൻ ആസ്ഥാനത്തെ മെഡിക്കൽ ക്ലിനിക്കുകളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് കാമ്പെയ്‌നിലെ തീർഥാടകർക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ, നഴ്‌സിംഗ് സ്റ്റാഫ് അംഗങ്ങൾ, ഫാർമസിസ്റ്റുകൾ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരും സംഘത്തിലുണ്ടെന്ന് കുവൈത്ത് ഹജ്ജ് മിഷനിലെ മെഡിക്കൽ സർവീസ് ടീം മേധാവി ഡോ അബ്ദുൽറഹ്മാൻ അൽ മുതൈരി അറിയിച്ചു.
കാമ്പെയ്‌നിലെ തീർഥാടകർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും കേസുകൾ നസീം മെഡിക്കൽ സർവീസ് ടീമിന്റെ ക്ലിനിക്കുകളിലേക്ക് മാറ്റുകയും ചെയ്യുന്ന കുവൈറ്റ് ഹജ്ജ് കാമ്പെയ്‌നുകൾക്കൊപ്പമുള്ള മെഡിക്കൽ സ്റ്റാഫും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് കുവൈറ്റ് മെഡിക്കൽ ടീമുകൾ പ്രവർത്തിക്കുന്നതെന്ന് ടീം ഡെപ്യൂട്ടി ഹെഡ് മുഗീർ അൽ ഷമ്മരി പറഞ്ഞു. കുവൈറ്റ് തീർഥാടകരോടും ഹജ്ജ് കാമ്പെയ്‌നുകളോടും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രാജ്യത്തെ ആരോഗ്യ അധികാരികൾ പുറപ്പെടുവിച്ച ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.