കുവൈത്ത് : കുവൈറ്റിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്ക് അടുത്തുള്ള ഗസാലി റോഡിലാണ് സംഭവം. റോഡിൽ വശം ചേർന്ന് പോകവെ ട്രക്കിൽ പൊടുന്നനെ തീ പടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി.
സംഭവം അറിഞ്ഞ ഉടന്‍ ഫയര്‍ഫോഴ്സും പൊലീസ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ട്രക്ക് പൂർണമായി നശിച്ചു. ഫയർഫോഴ്സ് ഉടൻ ഇടപെട്ടതിനാൽ മറ്റു വാഹനങ്ങൾക്ക് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. തീയണച്ചതിനു പിന്നാലെ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വേനൽ രൂക്ഷമായതോടെ രാജ്യത്ത് നിരവധി തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസവും ചെറുതും വലുതുമായ തീപിടിത്തങ്ങൾ സംഭവിക്കുന്നുണ്ട്. ഉയർന്ന താപനിലയും ചൂടുകാറ്റും കാരണം തീപിടിച്ചാൽ അണക്കാൻ പ്രയാസമാണ്. ജനങ്ങളോട് ജാഗ്രതപുലർത്താനും സുരക്ഷാക്രമീകരണങ്ങൾ കരുതാനും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.