കുവൈത്ത് സിറ്റി: സർക്കാറിന്റെ 2023-2027 കാലയളവിലെ കർമപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. കർമപദ്ധതി ‘ഉൽപന്നാധിഷ്ഠിത സമ്പദ്വ്യവസ്ഥയും സുസ്ഥിര ക്ഷേമവും’ എന്ന തലക്കെട്ടിൽ രാജ്യത്തിന്റെ വികസന പദ്ധതിയെ അടിസ്ഥാനമാക്കി സർക്കാരിന്റെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.
നിരവധി പരിപാടികളും പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയതായി ഉപപ്രധാനമന്ത്രി എസ്സ അൽ കന്ദരി അറിയിച്ചു. നേട്ടങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനും എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് ബ്രാഞ്ചുകൾ തമ്മിലുള്ള കൂടുതൽ ഫലപ്രദമായ സഹകരണത്തിനും പദ്ധതി സംഭാവന ചെയ്യുമെന്ന് ദേശീയ അസംബ്ലി കാര്യ സഹമന്ത്രി കൂടിയായ അൽ കന്ദേരി വ്യക്തമാക്കി.
ഹിജ്റ പുതുവർഷാരംഭത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് ജനങ്ങൾ, അറബ് മുസ്ലിം രാഷ്ട്രങ്ങൾ എന്നിവർക്ക് മന്ത്രിസഭാ യോഗം ആശംസകൾ അറിയിച്ചു. ജൂലൈ 19ന് പൊതു അവധിദിനമായും 20ന് വിശ്രമദിനമായും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അവധികഴിഞ്ഞ് ഞായറാഴ്ചയാകും പ്രവൃത്തിദിനം പുനരാരംഭിക്കുക.