കുവൈത്ത് സിറ്റി: ദുറാ മേഖലയിലെ പ്രകൃതി വിഭവങ്ങൾ പൂർണമായും കുവൈത്തിനും സൗദി അറേബ്യക്കും അവകാശപ്പെട്ടതാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ലാഹിയാനുമായുള്ള ചർച്ചയിൽ കുവൈത്തിന്റെ വ്യക്തമായ നിലപാട് അറിയിച്ചതാണെന്നും ദുറാ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം കൃത്യമായ പ്രസ്താവന പുറപ്പെടുവിച്ചതായും ദേശീയ അസംബ്ലി സമ്മേളനത്തിൽ ശൈഖ് സലീം വ്യക്തമാക്കി.
ഇറാനുമായും ഇറാഖുമായും സമുദ്ര അതിർത്തി നിർണയിക്കുന്ന പ്രശ്നം അവസാനിപ്പിക്കുക എന്നത് സർക്കാറിന്റെ മുൻഗണന വിഷയങ്ങളിൽ ഒന്നാണെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ ഇറാഖുമായും ഇറാനുമായും ചർച്ചകൾ നടന്നിരുന്നു. ഇരു കക്ഷികളുമായുള്ള കൂടിക്കാഴ്ചകളുമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
ദുറാ എണ്ണപ്പാടത്തില്‍ ഡ്രില്ലിങ് ആരംഭിക്കുമെന്ന് അടുത്തിടെ ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ദുറാ എണ്ണപ്പാടത്തിൽ നിലവിലുള്ള അവസ്ഥ തുടരുമെന്നും ഇറാന്റെ പ്രസ്താവന അസമയത്തുള്ളതാണെന്നും കുവൈത്ത് വ്യക്തമാക്കി. ദുറാ എണ്ണപ്പാടത്തില്‍ കുവൈത്തിനും സൗദിക്കും മാത്രമേ അവകാശമുള്ളൂവെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയും ഇറാന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു.