കുവൈറ്റ്: ധനമന്ത്രി മനാഫ് അൽ ഹജേരിയുടെ രാജി സ്വീകരിച്ചുകൊണ്ട് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ എ സബാഹ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ സാദ് അൽ ബറാക്കിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ മന്ത്രിസഭ രൂപീകരിച്ച് ഒരു മാസം തികയുന്നതിന് മുമ്പാണ് ഹജേരി ചൊവ്വാഴ്ച പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചത്. മുൻ സർക്കാരിൽ ധനമന്ത്രിയായും കുറച്ചുകാലം സേവനമനുഷ്ഠിച്ച ഹജേരി, കുവൈറ്റിലെ ഒരു മുതിർന്ന നിക്ഷേപ, സാമ്പത്തിക വിദഗ്ധനാണ്.
കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (കെഐഎ) തന്നിൽ നിന്ന് എടുത്തുമാറ്റി സാദ് അൽ ബറാക്കിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഹജേരി രാജിവച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.