കുവൈത്തിൽ എക്സൈസ് നികുതി നടപ്പിലാക്കുവാൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. പാർലമെന്റിന്റെ വരും സമ്മേളനത്തിൽ എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണനക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയായേക്കും. നേരത്തെ മൂല്യവർദ്ധിത നികുതി നടപ്പിലാക്കുവാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പാർലിമെന്റിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് എക്സൈസ് നികുതി ചുമത്തുവാൻ ആലോചിക്കുന്നത്.
മൂല്യവർദ്ധിത നികുതി നിർദ്ദേശങ്ങളെ എം പിമാർ ശക്തമായി എതിർത്തിരുന്നു. തുടക്കത്തിൽ പുകയില, ശീതളപാനീയങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, ആഡംബര കാറുകൾ, യാച്ചുകൾ എന്നീവക്കായിരിക്കും എക്സൈസ് നികുതി ചുമത്തുക. 10 മുതൽ 25 ശതമാനം വരെയാണ് നികുതി ഈടാക്കുക. നിർദ്ദിഷ്ട എക്സൈസ് നികുതി പ്രകാരം പ്രതിവർഷം 500 ദശലക്ഷം ദിനാർ വരുമാനം ലഭിക്കുമെന്നാണ് ധന മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടമെന്ന നിലയിൽ ആഡംബര വസ്തുക്കൾക്ക് മാത്രമാണ് നികുതി ഏർപ്പെടുത്തുക. നേരത്തെ വിദേശികൾക്ക് മാത്രമായി റെമിറ്റൻസ് ടാക്സ് നിർദ്ദേശം പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും എം പിമാരുടെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, രാജ്യത്ത് നികുതി ഏർപ്പെടുത്തുന്നത് പ്രവാസികളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിരവധി പ്രയാസങ്ങളാൽ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് മേൽ നികുതി കൂടി നടപ്പിലായാൽ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ്.