കുവൈത്ത്: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടിപ്പിൾ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ആരംഭിച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അറിയിച്ചു. ആറു മാസത്തിനുള്ളിൽ നിരവധി തവണ ഇന്ത്യയിൽ പ്രവേശിക്കാൻ ഇതിലൂടെ സാധിക്കും.
കൂടാതെ മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും വിസയുടെ സാധുതക്കുള്ളിൽ ഒന്നിലധികം തവണ ഇന്ത്യയിൽ വീണ്ടും പ്രവേശിക്കാനുമുള്ള സൗകര്യവും ലഭിക്കും. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കനുസൃതമായി എംബസി വിവിധ തരത്തിലുള്ള വിസകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഡോ. സ്വൈക പറഞ്ഞു.വിസ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി സമർപ്പിക്കണം.
ഇതിനുള്ള സംവിധാനം ജലീബ്, കുവൈത്ത് സിറ്റി, ഫഹാഹീൽ പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളിൽതന്നെ വിസ അനുവദിക്കും. ഈ വർഷം ആഗസ്റ്റ് വരെ
അയ്യായിരം വിസ അനുവദിച്ചതായും അംബാസഡർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 6000 വിസകളാണ് കുവൈത്തികൾക്ക് അനുവദിച്ചത്.