കുവൈത്ത്: കുവൈത്തിൽ നിന്നും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ ജല വൈദ്യുതി ബിൽ കുടിശിക അടക്കണമെന്ന നിയമം ജല വൈദ്യുതി മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങുന്നു.
കഴിഞ്ഞ ദിവസം മുതൽ ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ട്രാഫിക് പിഴകൾ പിരിക്കുന്നതിന് സമാന നടപടികൾ സ്വീകരിക്കുകയും ഇത് വൻ വിജയമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാതൃകയിൽ വിദേശികളുടെ ജല വൈദ്യുതി ബിൽ കുടിശിക പിരിച്ചെടുക്കുവാൻ മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതിനായി ജല വൈദ്യുതി മന്ത്രാലയ അധികൃതർ ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാഫിക് പിഴ അടക്കാത്ത വിദേശികൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി കൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം നടപ്പിലാക്കിയത്. ഇതെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കകം മാത്രമായി ഒരു ലക്ഷത്തിൽ അധികം ദിനാർ ആണ് പിരിച്ചെടുത്തത്.
സമാന മാതൃകയിൽ ,ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യം, നീതിന്യായ മന്ത്രാലയങ്ങൾ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ മുതലായ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പിഴകളോ ബിൽ കുടിശികയോ അടക്കാത്ത വിദേശികളെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.