കുവൈത്ത്: കുവൈത്തിൽ കുടുംബ വിസ അനുവദിക്കുന്നത് നിർത്തലാക്കുവാനുള്ള തീരുമാനത്തെ തുടർന്ന് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരുടെ ദൗർലഭ്യം രൂക്ഷമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മധ്യ വേനൽ അവധിക്ക് ശേഷം രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ പലതും ഈ ആഴ്ച മുതൽ തുറക്കുകയാണ്. എന്നാൽ അവധിയിൽ പോയ പല അധ്യാപകരും തിരിച്ചു വരില്ലെന്ന് സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് വിദ്യാലയ മാനേജ്‌മെന്റ് പ്രതിസന്ധിയിലായിരിക്കുന്നത്. കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന പ്രത്യാശയിലായിരുന്നു തങ്ങൾ ഇത് വരെ ജോലിയിൽ തുടർന്നത് എന്നാണ് അധ്യാപകർ സ്കൂൾ അധികൃതരെ അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അനുകൂലമായ യാതൊരു തീരുമാനവും ഇല്ലാതായതോടെയാണ് ജോലി ഉപേക്ഷിക്കുവാനും കുവൈത്തിലേക്ക് തിരികെ വരേണ്ട തില്ലെന്നും തങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്നും അധ്യാപകർ സ്കൂൾ അധികൃതരെ അറിയിച്ചു.

മറ്റു ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ശമ്പളവും മറ്റു സൗകര്യങ്ങളും ലഭിക്കുന്നതിനാൽ നിലവിൽ ജോലിയിൽ തുടരുന്ന അവശേഷിക്കുന്നവരും മറ്റു രാജ്യങ്ങളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലുമാണ്. ഇതെ തുടർന്ന് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തര വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്ക് കത്ത് നൽകിയതായി ഫോറിൻ സ്കൂൾസ് യൂണിയൻ മേധാവി നൂറ അൽ-ഗാനിം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!