കുവൈത്ത്: ലോകത്തിൽ ഭക്ഷണം ഏറ്റവും കൂടുതൽ പാഴാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും. ലോകത്താകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിൻറെ 17 ശതമാനവും ഓരോ വർഷവും പാഴാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
പ്രതിവർഷം നാല് ലക്ഷം ടൺ ഭക്ഷണം കുവൈത്തിൽ പാഴായി പോകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഓരോ വ്യക്തിയും വർഷത്തിൽ 95 കിലോ ഭക്ഷണ പദാർഥങ്ങൾ പാഴാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദൈനംദിന ഭക്ഷണങ്ങൾ അമിതമായി പാചകം ചെയ്യുന്നതും ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അഭാവവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.