കുവൈത്ത് : കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. രാവിലെ 7:00 മുതൽ 9:00 വരെയുള്ള സമയങ്ങളിലാണ് ജോലി സമയം ആരംഭിക്കുക. ഉച്ചയ്ക്ക് 1:30 നും 3.30 ഇടയിലാണ് ജോലി സമയം അവസാനിക്കുക.
ഈ സമയക്രമം അനുസരിച്ച് 7 മണിക്കൂർ ദൈർഘ്യമുള്ള ജോലി സമയം ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ ജോലി സമയം ആരംഭിച്ചതിന് ശേഷമോ അല്ലെങ്കിൽ ജോലി സമയം അവസാനിക്കുന്നതിനു മുമ്പോ 30 മിനിട്ട് ഗ്രേസ് പിരീഡും ഉണ്ടായിരിക്കും. ഓരോ സർക്കാർ കാര്യലയങ്ങളുടെയും പ്രവർത്തന സ്വഭാവം അനുസരിച്ചുള്ള സമയ ക്രമം തെരഞ്ഞെടുക്കുവാൻ അതത് കാര്യാലയങ്ങൾക്ക് സിവിൽ സർവീസ് കമ്മീഷൻ അധികാരം നൽകിയിട്ടുണ്ട്. പുതിയ സംവിധാനം ജീവനക്കാരുടെ കാര്യ ക്ഷമതയും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.