കുവൈത്ത്: കുവൈത്തിൽ അർബുദ ബാധിതർ വർദ്ധിക്കുന്നതായി ദേശീയ കാൻസർ ബോധവൽക്കരണ കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അൽ-സലാഹ്. നേരത്തെയുള്ള പരിശോധനകൾ വഴി സ്തനാർബുദം ഒരു പരിധിവരെ പ്രതിരോധിക്കുവാൻ കഴിയുമെന്നും അൽ-സലാഹ് വ്യക്തമാക്കി. രാജ്യത്ത് സ്തനാർബുദ ബോധവൽക്കരണ കാമ്പയിന് തുടക്കംകുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തിൽ കാൻസർ രോഗബാധിതരുടെ വർദ്ധനവ് ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ്. അർബുദ ബാധിതരിൽ പകുതിയും പ്രവാസികളാണ്. വൻകുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നത്. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങളും അടുത്തകാലത്തായി കൂടി വരുന്നതായി അധികൃതർ അറിയിച്ചു. നാൽപ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകൾ പരിശോധനകൾക്കായി കാമ്പയിൻ അധികൃതരുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.