കുവൈത്ത്: സൗദി അറേബ്യ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദും പ്രതിനിധി സംഘവും കുവൈത്തിലെത്തി. ഔദ്യോഗിക സന്ദർശനത്തിനായാണ് സംഘം കുവൈത്തിലെത്തിയത്. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റ് ഉന്നത ഭരണാധികാരികൾ എന്നിവരുമായി ഫൈസൽ ബിൻ ഫർഹാൻ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഫലസ്തീൻ വിഷയവും ഇരു രാജ്യങ്ങളുടെയും നിലപാടുകളും സഹകരണവും സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സൗദി വിദേശകാര്യ മന്ത്രിയെയും പ്രതിനിധിസംഘത്തെയും സ്വീകരിച്ചു. ജി.സി.സി വിദേശകാര്യ സഹമന്ത്രി സലീം അൽ സമാനാൻ, പ്രോട്ടോകോൾ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നബീൽ അൽ ദഖിൽ, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് സബാഹ് നാസർ അസ്സബാഹ്, വിദേശകാര്യ മന്ത്രിയുടെ ഓഫിസിലെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നവാഫ് അൽ അഹ്മദ്, കുവൈത്തിലെ സൗദി അംബാസഡർ എന്നിവരും വിമാനത്താവളത്തിലെത്തി.