കുവൈത്ത്: കുവൈത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതെ തുടർന്ന് രാജ്യ വ്യാപകമായി മുൻ കരുതൽ നടപടികൾ ആരംഭിച്ചു. വെള്ളക്കെട്ട് നിലനിൽക്കാൻ സാധ്യതയുള്ള റോഡുകളും പാലങ്ങളും പൊതു മരാമത്ത് വിഭാഗം അടച്ചു പൂട്ടി.പൊതു മരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള ശക്തമായ പാമ്പുകൾ സ്ഥാപിച്ച് വരികയാണ്.
രാജ്യത്ത് ഇന്നലെ ( ബുധൻ )മുതൽ ആരംഭിച്ച നേരിയ മഴ ഇന്ന് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസിസ് അൽ ഖറാവി പറഞ്ഞു. പൊടികാറ്റിനെ തുടർന്ന് ദൃശ്യപരത ഗണ്യമായി കുറയുമെന്നും അദ്ദേഹം അറിയിച്ചു. അതെ സമയം രാജ്യത്ത് ഇന്നലെ രാതി വരെ ഏറ്റവും അധികം മഴ ലഭിച്ചത് സാൽമിയ പ്രദേശത്താണ് സാൽമിയയിൽ 38 മില്ലീമീറ്ററും ജാബിറിയയിൽ 28 മില്ലീമീറ്ററും മഴയാണ് ഇന്നലെ ലഭിച്ചത്.