കുവൈത്തിൽ ഗാർഹിക പീഡന കേസുകൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ 779 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ജോലിഭാരം, ജോലി നഷ്ടപ്പെടുമെന്ന ഭയം തുടങ്ങി വിവിധ കാരണങ്ങളാലുള്ള മാനസിക സമ്മർദമാണ് പ്രധനമായും പ്രശ്നങ്ങളുണ്ടാക്കുന്നത്. രാജ്യത്ത് ഓരോ 12 മണിക്കൂറിലും ഒരു ഗാർഹിക പീഡന കേസാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗാർഹിക പീഡന കേസുകളിൽ ആക്രമണത്തിന് ഇരയായവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിവാഹമോചന കേസുകളും കുറ്റകൃത്യങ്ങളും ബാലാവകാശ നിയമലംഘനങ്ങളും വർധിച്ചത് കുട്ടികളുടെ ഭാവിക്ക് ദോഷം വരുത്തുന്നതായി അറ്റോർണി ജനറൽ കൗൺസിലർ സാദ് അൽ-സഫ്രാൻ പറഞ്ഞു.
ഗാർഹിക പീഡനത്തിന് ഇരയായവരെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്നതിന് അഭയകേന്ദ്രം സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.