കുവൈത്ത്: കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പരമ്പരാഗത ആചാരങ്ങളും ദേശീയ ദുഖാചരണ വേളയിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നവരെ മന്ത്രാലയം ശക്തമായി നേരിടും. കൂടാതെ പുതു വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ഒത്തു ചേരലുകൾക്കും മറ്റും ആഹ്വാനം ചെയ്യുന്നവരെ സൈബർ കുറ്റാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് അമീർ ആയിരുന്ന ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 16 മുതൽ 40 ദിവസം വരെ രാജ്യത്ത് ദുഖാചരണം നിലനിൽക്കുകയാണ്. ഇതിനു പുറമെ ഫലസ്‌തീൻ ജനതയോടുള്ള ഐക്യ ദാർഡ്യത്തിന്റെ ഭാഗമായി രാജ്യത്ത് നേരത്തെ തന്നെ ആഘോഷ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.