കുവൈത്ത്: വിസ ആവശ്യമില്ലാതെ ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി ലഭിക്കുന്ന പാസ്പോർട്ട് ഉടമകളുടെ കാര്യത്തിൽ കുവൈത്ത് ആഗോളതലത്തിൽ 45 ആം സ്ഥാനത്ത്. ഇക്കാര്യത്തിൽ അറബ് തലത്തിൽ കുവൈത്തിന് മൂന്നാം സ്ഥാനമാണുള്ളത്.
കുവൈത്തി പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ ലോകത്തെ 62 രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാകുമ്പോൾ 50 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ സംവിധാനം ഉപയോഗപെടുത്തിയും പ്രവേശിക്കാനാകും. രണ്ടു രീതിയിലും ലോകത്തെ 112 രാജ്യങ്ങളിലേക്ക് പോകാൻ കുവൈത്തികൾക്ക് പാസ്പോർട്ട് മാത്രം മതിയാകും. 2024 ലെ “ഗ്ലോബൽ പാസ്‌പോർട്ട് സൂചിക”, ആണ് ഇതുസംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടത്.
2022 നെ അപേക്ഷിച്ച് 2023-ൽ കുവൈത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 46-ാം സ്ഥാനത്തായിരുന്നു കുവൈത്ത്. അതേസമയം അറബ് ലോകത്ത് മൂന്നാം റാങ്ക് നിലനിർത്തി. ജി സി സി രാജ്യങ്ങളിൽ കുവൈത്ത് കഴിഞ്ഞാൽ യഥാക്രമം സൗദി അറേബ്യ, ഒമാൻ , ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കാണ് ബലം. യു എ ഇ കഴിഞ്ഞാൽ ആഗോള തലത്തിൽ ജർമ്മനി – സ്പെയിൻ – ഫ്രാൻസ് – ഇറ്റലി – നെതർലാൻഡ്സ് തുടങ്ങിയ പാസ്പോർട്ടുകൾക്കാണ് കൂടുതൽ കരുത്ത്.