കുവൈത്ത്: കുവൈത്തിൽ ഓൺ ലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ നേരിടുന്നതിനു ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസന്റെ നേതൃത്വത്തിൽ പബ്ലിക് പ്രോസിക്യൂഷൻ, കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ മുതലായ ഏജൻസികളുമായി സഹകരിച്ചു കൊണ്ടാണ് മുഴുവൻ സമയ വെർച്വൽ റൂം (അമാൻ) സേവനം ആരംഭിച്ചത്.
ഓൺ ലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ സംവിധാനം സജീവമാക്കിയിരിക്കുന്നത്. പുതിയ സംവിധാനം വഴി
എല്ലാ പ്രാദേശിക ബാങ്കുകളിൽ നിന്നും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും അവയോട് ഉടനടി പ്രതികരിക്കുന്നതിനുമായി പ്രത്യേക വിഭാഗം പ്രവർത്തനം ആരംഭിച്ചതായി മന്ത്രാലയത്തിന്റെ പൊതു സമ്പർക്ക വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു. പരാതികൾ ലഭിച്ചാലുടൻ നടപടിയെടുക്കുകയും തട്ടിയെടുത്ത പണം മരവിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പരീക്ഷണാർത്തത്തിൽ കഴിഞ്ഞ മാസം ആരംഭിച്ച അമാൻ സംവിധാനം വഴി 2023 ഡിസംബർ 7 മുതൽ ജനുവരി 9 വരെയായി 285 പരാതികൾ കൈകാര്യം ചെയ്തിട്ടുണ്ട്. 495,973 ദിനാർ ആണ് ഇവയുടെ മൂല്യം.
ഇതിൽ ഭൂരിഭാഗം തുകയും ഉടമകൾക്ക് തിരിച്ച് ലഭിക്കുവാൻ സഹായകമായി.തങ്ങളുടെ അറിവില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കുറയുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തതായി അറിഞ്ഞാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടാനും കാലതാമസം കൂടാതെ പരാതി സമർപ്പിക്കുവാനും ബാങ്ക് അക്കൗണ്ട് ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.