അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഗാസയിലെ ജനങ്ങൾക്ക് വീണ്ടും ദുരിതാശ്വാസ സഹായങ്ങൾ നൽകി. 50 ടൺ ഭക്ഷ്യ ഉൽപന്നങ്ങളും ശുചിത്വ ഉൽപന്നങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന രണ്ടാമത്തെ ബാച്ച് സഹായം തിങ്കളാഴ്ച കെയ്‌റോയിലെ ഈജിപ്ത് റെഡ് ക്രസൻ്റ് അധികൃതർക്ക് കൈമാറി.
ഈജിപ്ത് റെഡ് ക്രസൻ്റ് സിഇഒ ഡോ. റാമി എൽ-നാസർ, റീജിയണൽ ഡയറക്ടർ ഹുസേഫ ഖുറേഷി, ലുലു ഈജിപ്ത് & ബഹ്‌റൈൻ ഡയറക്ടർ ജുസർ രൂപാവാല, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ലുലു ഈജിപ്ത് മാർക്കറ്റിംഗ് മാനേജർ ഹാതിം സെയ്ദിൽ നിന്ന് ദുരിതാശ്വാസ സഹായങ്ങൾ ഏറ്റുവാങ്ങി.
ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്രയും വേഗം എത്തിക്കാനാണ് റെഡ് ക്രസൻ്റ് ലക്ഷ്യമിടുന്നതെന്ന് ഡോ. റാമി എൽ-നാസർ പറഞ്ഞു. ലുലുവിൻ്റെ സഹായഹസ്തത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഫലസ്തീനിലെ ജനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുന്ന യൂസഫലി എംഎയ്ക്കും ലുലു ഗ്രൂപ്പിനും നന്ദി അറിയിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഇത് രണ്ടാം തവണയാണ് ലുലു ആവശ്യമായ സഹായം നൽകുന്നത്.
ഡിസംബറിൽ ഈജിപ്ത് റെഡ് ക്രസൻ്റ് വഴി ഗാസയിലേക്ക് 50 ടൺ ദുരിതാശ്വാസ സഹായങ്ങൾ നൽകിയിരുന്നു.