കുവൈത്ത്: ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് നാടുകടത്തൽ കേന്ദ്രത്തിൽ സന്ദർശനം നടത്തി. തടവുകാരുടെ വാർഡുകളിൽ പരിശോധന നടത്തിയ മന്ത്രി അവരിൽ നിന്നു പരാതികളും സ്വീകരിച്ചു.
രേഖകളില്ലാതെ പിടിയിലാകുന്ന വിദേശികളെ എംബസികളുമായി സഹകരിച്ച് നാടുകടത്തൽ നടപടി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. കൂടാതെ, ഡിപോർട്ടേഷൻ സെൻററിലെ പുതിയ കെട്ടിടം സന്ദർശിച്ച മന്ത്രിയും സംഘവും തടവറകളിലെ സൗകര്യങ്ങളും വിലയിരുത്തി.
പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ കൂടുതൽ തടവുകാരെ ഉൾക്കൊള്ളാനും തടവുകാർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. അസിസ്റ്റൻറ് അണ്ടർസെക്രട്ടറി ശൈഖ് ഹമൂദ് മുബാറക് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.