കുവൈത്ത്: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് രാജ്യത്തിന് പുറത്ത് കേന്ദ്രങ്ങളില്ലാത്തത് കുവൈത്ത് പ്രവാസികൾക്കും തിരിച്ചടിയായി.
പരീക്ഷക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് കുവൈത്ത് അടക്കമുള്ള ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെ ഒഴിവായത്. ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്. കുവൈത്തിൽ നാനൂറോളം വിദ്യാർഥികൾ കഴിഞ്ഞ വർഷം പരീക്ഷ എഴുതി.