കുവൈത്ത്: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സൂചന നൽകി സിവിൽ സർവീസ് കമ്മീഷൻ. ഇതനുസരിച്ച് റമദാൻ മാസം മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും തുടർച്ചയായി ആറു ദിവസം അവധി ലഭിക്കും.
റമദാൻ 30 പൂർത്തിയാകുന്നതിന് മുമ്പാണ് മാസപ്പിറ കാണുന്നത് എങ്കിൽ തുടർച്ചയായ അവധി മൂന്നു ദിവസമായി ചുരുങ്ങും. മാസം 30 തികച്ചാൽ റമദാൻ 30 ചൊവ്വാഴ്ച (ഏപ്രിൽ 9 ) വിശ്രമ ദിനമായി പ്രഖ്യപിച്ച് അവധി നൽകും. തുടർന്ന് യഥാക്രമം ഏപ്രിൽ 10, 11, 12,( ബുധൻ, വ്യാഴം, വെള്ളി) എന്നീ ദിവസങ്ങൾ ഈദുൽ ഫിത്തർ പ്രമാണിച്ചുള്ള പൊതു അവധിയായി നൽകും. ഏപ്രിൽ 13 ശനിയാഴ്ച വാരാന്ത്യ അവധിയും ഏപ്രിൽ 14 ഞായറാഴ്ചയെ വെള്ളിയാഴ്ചക്ക് പകരമുള്ള ഒഴിവുദിനമായും പ്രഖ്യാപിച്ചാൽ ഫലത്തിൽ ജീവനക്കാർക്ക് തുടർച്ചയായി ആറു ദിവസം അവധി ലഭിക്കും. ഇങ്ങിനെ ആണെങ്കിൽ ഏപ്രിൽ 8 നു തിങ്കളാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഏപ്രിൽ 15 തിങ്കളാഴ്ചയായിരിക്കും തുറന്ന് പ്രവർത്തിക്കുക .