കുവൈത്ത്: കുവൈത്തിൽ പാർലമെൻറ് തിരഞ്ഞെടുപ്പിനുള്ള ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനെ തുടർന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ തിരഞ്ഞെടുപ്പ് കാര്യ വിഭാഗം 18-ാം ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ നാമ നിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. മാർച്ച് 13-നാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി. 21 വയസ് തികഞ്ഞ പൗരന്മാർക്കാണ് വോട്ടവകാശം ഉള്ളത്. 2024 -ലെ ദേശീയ തിരഞ്ഞെടുപ്പിൽ 21 വയസ് തികഞ്ഞ 45,000 പൗരന്മാർ കൂടി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് .
തിരഞ്ഞെടുപ്പിലൂടെ 50 പേർ പാർലമെൻറിൽ എത്തും. കുവൈത്തിനെ അഞ്ച് ഇലക്ടറൽ മണ്ഡലങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിൽ നിന്നും പാർലമെൻറിലേക്ക് 10 എംപിമാരെ വീതമാണ് തിരഞ്ഞെടുക്കുക. ഓരോ നിയോജകമണ്ഡലത്തിലും 10 പേരാണ് തിരഞ്ഞെടുക്കപെടുന്നതെങ്കിലും മണ്ഡലങ്ങളിലെ ഓരോ വോട്ടർക്കും ഒരു സ്ഥാനാർഥിക്ക് മാത്രമേ വോട്ടു രേഖപെടുത്താൻ സാധിക്കുകയുള്ളു. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആദ്യ 10 പേർ ആണ് ഓരോ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുക.