കുവൈത്ത്: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിലയിരുത്തി. പൗരന്മാർക്ക് വോട്ടിങ് പ്രക്രിയ സുഗമമാക്കുന്നതിന് മറ്റ് സർക്കാർ മേഖലകളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് അറിയിച്ചു. അഞ്ച് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന 118 സ്കൂളുകളിൽ വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും.
മുനിസിപ്പാലിറ്റിയുടെ ഗവർണറേറ്റ് മേധാവികൾ ഇതിന് നേതൃത്വം നൽകും. വോട്ടെടുപ്പ് നടക്കുന്ന സ്കൂളുകളിലെ പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. പോളിങ് സ്റ്റേഷനുകൾക്ക് സമീപമുള്ള സ്ഥാനാർഥികളുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഏപ്രിൽ നാലിനാണ്.