കുവൈത്ത്: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ ആദ്യഘട്ട പഠനം അടുത്ത മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ അൽ ഷദ്ദാദിയയിൽ നിന്ന് ആരംഭിച്ച് റിയാദ് വരെ പോകുന്ന റയിൽവേ പദ്ധതിയുടെ റൂട്ട് നിർണയിക്കലുമായ് ബന്ധപ്പെട്ട പഠനങ്ങളാണ് പൂർത്തിയാക്കുക.
ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പൊതുമരാമത്തു മന്ത്രാലയ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിന് ആവശ്യമായ നടപടിക്രമങ്ങളും അംഗീകാരങ്ങളും നിലവിൽ അന്തിമഘട്ടത്തിൽ ആണുള്ളത് . രണ്ടാം ഘട്ടം ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ രൂപരേഖ തയാറാക്കുന്ന ഘട്ടമാണ്. ഏകദേശം ഒരു വർഷമാണ് ഇതിന്റെ കാലാവധി .മൂന്നാമത്തെ ഘട്ടം പദ്ധതിയുടെ നിർവ്വഹണത്തെയും നിർമ്മാണത്തെയും കുറിച്ചുള്ളതാണ്.
ഏകദേശം മൂന്നുവര്ഷമാണ് ഈ ഘട്ടത്തിന് കണക്കാക്കുന്നത്.സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതി ഏകദേശം 2028 ൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ ഗതാഗതം കൈവരിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ഗതാഗത സംവിധാനം സുഗമമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും യാത്രക്കാരുടെയും അവരുടെ സ്വത്തിന്റെയും സുരക്ഷക്കും പദ്ധതി ഫലം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ .കുവൈത്തിനും റിയാദിനും ഇടയിലെ ദൂരം 650 കിലോമീറ്ററാണ് . റയിൽവേ പദ്ധതി യാഥാർഥ്യമാകുന്നതോടെ രണ്ടു മണിക്കൂറിനുള്ളിൽ കുവൈത്തിൽ നിന്ന് റിയാദിലെത്തിപ്പെടാൻ സാധിക്കും.